ഉപ്പുതറ: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ ഉപ്പുതറ മേച്ചേരിൽ എം.കെ. ബാബു, ഭാര്യ അന്നമ്മ , മകൻ ടിജിൻ ബാബു എന്നിവരുടെ പട്ടയ ഭൂമിയുടെ കരമടക്കാൻ റവന്യു വകുപ്പ് നടപടി സ്വീകരിച്ചു. അമ്മ ഇഷ്ടദാനമായി നൽകിയ ഭൂമി ബാബുവിന്റെ പേരിൽ പോക്കുവരവ് ചെയ്യുകയും ചെയ്തു.
എം.ജി. രാജമാണിക്യം കമ്മീഷന്റെ റിപ്പോർട്ടിന്റെ പേരിൽ ഉപ്പുതറ വില്ലേജിലെ ആറ് സർവേ നമ്പരിലെ ഭൂമിയുടെ കരമടയ്ക്കുന്നതും പോക്കുവരവ് ചെയ്യുന്നതും 2016ൽ റവന്യു വകുപ്പ് നിർത്തി വച്ചിരിക്കുകയായിരുന്നു. ഇതോടെ ഭൂമിയുടെ ഈടിന്മേൽ പുതിയ വായ്പ എടുക്കാനോ പഴയത് പുതുക്കാനോ കഴിയാതെ കർഷകർ വലഞ്ഞു.
അടിയാധാര പ്രകാരം തോട്ടംഭൂമി തരം മാറ്റിയതാണെന്ന രാജമാണിക്യം കമ്മീൻ റിപ്പോർട്ടിലെ പരാമർശമാണ് റവന്യു വകുപ്പിന്റെ തടസങ്ങൾക്ക് കാരണമായത്. പലതവണ ബാങ്ക് നോട്ടീസ് അയച്ച ശേഷം ബാബുവിന്റെ ഭൂമി ജപ്തി ചെയ്യാൻ നടപടിയിലേക്ക് കടക്കുകയായിരുന്നു. ജപ്തിക്കെതിരേ ബാബു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെ കഴിഞ്ഞ മാർച്ച് അഞ്ചിന് ഉന്നത റവന്യു ഉദ്യോഗസ്ഥരെ കമ്മീഷൻ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
ബാബു ഉൾപ്പെടെയുള്ള ചെറുകിട കർഷകരുടെ ഭൂമി രാജമാണിക്യം കമ്മീഷന്റെ പരാമർശത്തിൽ ഉൾപ്പെട്ടതല്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരണം നൽകിയിരുന്നെങ്കിലും വില്ലേജ് ഓഫീസിൽ കരമടയ്ക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. തുടർന്ന് മനുഷ്യാവകാശ കമ്മീഷന് ബാബു അപ്പീൽ നൽകി. പിന്നീട് നടന്ന സിറ്റിംഗിൽ കളക്ടർക്കുവേണ്ടി ഗവ. പ്ലീഡർ കമ്മീഷനു മുന്നിൽ ഹാജരായി.
അതിനിടെ രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിലുള്ള ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ജില്ലാ കളക്ടർ കട്ടപ്പന സബ് കോടതിയിൽ കേസ് ഫയൽ ചെയുകയും ചെയ്തു.
ഈ കേസിലും ബാബുവും കക്ഷിചേർന്നു. കളക്ടറുടെ റിപ്പോർട്ടും, ഗവ. പ്ലീഡറുടെ വിശദീകരണവും പരിഗണിച്ച് ബാബുവിന്റെ കരം സ്വീകരിക്കാനും ഇഷ്ടദാനമായി കിട്ടിയ ഭൂമി പോക്കുവരവ് ചെയ്യാനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായി.ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഉപ്പുതറ വില്ലേജ് ഓഫീസർ കരം സ്വീകരിച്ച് രസീത് നൽകി.